Saturday, September 14, 2019

ആ ഒരു നിമിഷം മറികടക്കാനായാൽ....






                               ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന തിരിച്ചടികളും ഒറ്റപ്പെടലുകളും അതിജീവിക്കാൻ കഴിയാതെ വരുമ്പോൾ പലരും ചെന്നെത്തുന്നത് ആത്മഹത്യയിലാണ്. ഒരു നിമിഷത്തെ തോന്നലാണ് ആത്മഹത്യ. പക്ഷെ ആ നിമിഷം  മറികടന്നാൽ സുന്ദരമായ ഈ ജീവിതത്തിലേക്കുളളത് മടക്കയാത്രയാണ്. ജീവിതത്തോടുള്ള വിരക്തി, നിരാശ, വികാരങ്ങളെ നിയന്ത്രിക്കാതെ വരിക എന്നിങ്ങനെ നിരവധി കാരണങ്ങൾ ഓരോ ആത്മഹത്യയ്ക്കും പിന്നിലുണ്ട്.

ലോകം നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ആത്മഹത്യ. റോഡപകടങ്ങൾ കഴിഞ്ഞാൽ 15-നും 29-നും ഇടയിൽ പ്രായമുള്ളവർ ഏറ്റവുംകൂടുതൽ മരിക്കുന്നത് ആത്മഹത്യവഴിയാണ്. സ്മാർട്ട് ഫോൺ ഉപയോഗത്തിൽ മാതാപിതാക്കൾ നിയന്ത്രണം വരുത്തിയാൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന തലമുറയാണ് ഇന്നത്തേത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഓരോ 40 സെക്കൻഡിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. വർഷം എട്ടുലക്ഷംപേർ ആത്മഹത്യ ചെയ്യുന്നതായാണ് സംഘടനയുടെ ഏകദേശകണക്ക്.  ദേശീയ മാനസികാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് 12 സംസ്ഥാനങ്ങളിലായി നടത്തിയ  സര്‍വെപ്രകാരം, സർവെയിൽ  ഉള്‍പ്പെടുത്തിയവരില്‍ ഒരു ശതമാനം ഉയര്‍ന്ന ആത്മഹത്യ അപായസാധ്യതയുളളതായി പറയുന്നു.

വിഷാദരോഗം, മദ്യം– ലഹരിമരുന്ന് ഉപയോഗം , ഇന്റർനെറ്റ്, ഗെയിമിങ് അഡിക്‌ഷൻ, ഭാവിയെപ്പറ്റി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, ഒറ്റപ്പെടൽ , നല്ല സുഹൃത്തുക്കളുടെ അഭാവം, പരീക്ഷയിലെ തോൽവി, പ്രണയനൈരാശ്യം,  കുറ്റബോധം താങ്ങാനാവാതെ വരിക തുടങ്ങി പല ഘടകങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിൽ.

ആത്മഹത്യ പ്രവണതയും ചിന്തകളും ചികിത്സിക്കപെടേണ്ടതാണ്. കൃത്യമായി ഇടപെട്ടില്ല എങ്കില്‍ ജീവിതം തന്നെ നഷ്ടമായേക്കാവുന്ന ഒരു അത്യാഹിതമാണ്.
ഈ ആത്മഹത്യകളെ പ്രതിരോധിക്കാൻ തീര്‍ച്ചയായും നമുക്ക്  സാധിക്കും.  ഒരല്‍പം കരുതലും ശ്രദ്ധയുമാണ്‌ ഇതിനാവശ്യം. നമ്മുടെ ഒരു നിമിഷം ചിലപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചേക്കാം. ഒരാളില്‍ ആത്മഹത്യാപ്രവണത ഉണ്ടെന്നു തോന്നിയാല്‍ അവരോടു അത് നേരിട്ടു ചോദിക്കാന്‍ ഒട്ടും വിഷമിക്കരുത്. ഒരുപക്ഷേ ആരോടെങ്കിലും മനസ്സു തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമായിരിക്കും അയാളുടേത്. നമ്മുടെ സാമിപ്യവും കരുതലും ഒരാൾക്ക് ആശ്വാസമാകുമെങ്കിൽ, ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെങ്കിൽ, അതിന് ഒരിക്കലും നമ്മൾ മടിക്കരുത്. തുറന്നുള്ള സംസാരങ്ങള്‍ക്ക് ഒരുപരിധി വരെ ആത്മഹത്യകളെ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ജീവിതത്തിലെ തിരിച്ചടികളെ നേരിടാനും അതിജീവിക്കാനും വീടുകളില്‍നിന്ന്  കുട്ടികളെ പഠിപ്പിക്കണം. കുടുംബങ്ങളില്‍ തന്നെ സുതാര്യമായ ആശയവിനിമയം നടക്കണം.

ആത്മഹത്യ ചെയ്യാൻ ചിലപ്പോൾ  ഒരു കാരണമുണ്ടായേക്കാം , പക്ഷെ അതിലെല്ലാമുപരി ജീവിച്ചിരിക്കാൻ ആയിരം കാരണങ്ങളാണുളളത്. ആ ഒരു നിമിഷത്തെ മറികടക്കാനായാൽ നിങ്ങൾക്ക് മുന്നിലുളളത് സുന്ദരമായ ജീവിതമാണ്.

Freelance vs. Agency: Which is Better for Your Marketing Needs?

  In the modern marketing, businesses must make the essential decision between hiring a Freelance Digital Marketer or an Marketing Agency. B...