പത്ത് ദശലക്ഷത്തോളം മനുഷ്യരെ പൂർണമായി മറ്റൊരു ദ്വീപിലേക്ക് പറിച്ച് നടുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എന്നാൽ അതിവേഗം കടൽവിഴുങ്ങുന്ന നഗരത്തിൽ നിന്ന് രാജ്യതലസ്ഥാനം തന്നെ മാറ്റാൻ ഒരുങ്ങുകയാണ് ഇന്തോനേഷ്യ . ജക്കാർത്ത മാത്രമല്ല ആഗോളതാപനം മൂലം മിക്ക കടലോര നഗരങ്ങളും സമീപഭാവിയിൽ കടലെടുക്കുമെന്നാണ് 2014ലെ കാലാവസ്ഥ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ നിഗമനം. 18 കോടി ജനങ്ങൾക്ക് അവരുടെ കിടപ്പാടം നഷ്ടമാകാൻ ഇത് കാരണമാകും.
വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1995-ലെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 39 ശതമാനം സമുദ്രതീരങ്ങളിലോ സമുദ്രത്തിന് 100 കിലോമീറ്ററിനുള്ളിലോ ജീവിക്കുന്നവരാണ്. അമേരിക്കിയലെ നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ പുതിയ പഠന പ്രകാരം 2100 ആകുന്നതോടെ സമുദ്രനിരപ്പ് 2 മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ ഈ നൂറ്റാണ്ട് പിന്നിടുന്നതിന് മുൻപ് തന്നെ ആഗോളതാപനത്തിന്റെ ഭീകരമുഖത്തിന് നാം ചിലപ്പോൾ സാക്ഷിയാകേണ്ടി വന്നേക്കാം.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക് പ്രകാരം ലോകത്തിൽ എറ്റവും വേഗം മുങ്ങിക്കൊണ്ടിരിക്കുന്ന, ജനത്തിരക്കേറിയ നഗരമാണ് ജക്കാർത്ത. പ്രതിവർഷം 10-20 സെന്റിമീറ്റർ തോതിൽ ജലനിരപ്പുയരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
അതിവിശാലമായ മഴക്കാടുകൾ നിറഞ്ഞ ബോർണിയോ ദ്വീപിലെ കിഴക്കൻ കാളിമാന്റൻ പ്രവിശ്യയിലാണ് പുതിയ തലസ്ഥാനം ഒരുങ്ങുന്നത്. പുതിയ മാറ്റം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ വൻ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായേക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു.
ഏതൊക്കെയാണ് ലോകത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് നഗരങ്ങളെന്ന് നോക്കാം.
1. ഹൂസ്റ്റൺ
പതിറ്റാണ്ടുകളായി ഹൂസ്റ്റൺ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂഗർഭ ജലം അനിയന്ത്രിതമായി വലിച്ചെടുത്തതാണ് ഹൂസ്റ്റൺ നഗരത്തിനെ വലിയ വിപത്തിലേക്ക് തള്ളിവിടുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പ്രകാരം ഹൂസ്റ്റൺ നഗരം ഉൾപ്പെടുന്ന ഹാരിസ് കൺട്രി 1920 മുതൽ 10 മുതൽ 12 അടി വരെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ചില സ്ഥലങ്ങൾ പ്രതിവർഷം 5 സെ.മീ വരെയാണ് മുങ്ങുന്നത്.
2. ഷാങ്ഹായ്
ചൈനയുടെ പ്രധാന വ്യാപാര കേന്ദ്രമായ ഷാങ്ഹായ് നഗരം സമുദ്ര നിരപ്പില്‍നിന്ന് ശരാശരി 8 മീറ്ററിന് മുകളിലാണുള്ളത്. വര്‍ഷത്തില്‍ 0.1-0.3 സെ.മീറ്റര്‍ വരെ സമുദ്ര ജലനിരപ്പ് ഇവിടെ ഉയരുന്നതായാണ് പഠനങ്ങള്‍ വ്യക്തമായത്. അമിതമായി ഭൂഗർഭജല വലിച്ചെടുക്കുന്നതാണ് ഇവിടെയും വില്ലൻ .ആഗോള താപനം മൂലമുള്ള ജലനിരപ്പുയരല്‍ 23.7 ദശലക്ഷം പേരെ ഷാങ്ഹായില്‍ പ്രതിസന്ധിയിലാക്കും..
3.ലാഗോസ്
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ലാഗോസ്. ലോകത്തിൽ അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നാണ് നൈജീരിയയുടെ ഈ തീരനഗരം.
ആഗോളതാപനത്തിന്റെ ഫലമായി ലാഗോസ് അതീവ ഗുരുതരാവസ്ഥയിലാണ്. സമുദ്ര നിരപ്പ് 0.5 മീറ്റർ ഉയർന്നാൽ ലാഗോസിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായേക്കും. ആഗോള തലത്തിൽ സമുദ്രനിരപ്പ് 20 സെ.മീ ഉയർന്നാൽ 740000 ലക്ഷം പേർ ഭവനരഹിതരാകും. കടല്‍ഭിത്തി കെട്ടി സമുദ്രനിരപ്പിലെ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പണിത മതില്‍ ലാഗോസിലെ വന്മതിൽ എന്നറിയപ്പെടുന്നു.
4.ന്യൂ ഓർലിയൻസ്
1930 ലെ കണക്ക് പ്രകാരം ന്യൂ ഓർലിയൻസിന്‍റെ മൂന്നിലൊന്ന് ഭാഗമായിരുന്നു വെള്ളത്തിനടിയിലായത്. എന്നാൽ 2005 ൽ വീശിയടിച്ച കത്രീന കൊടുങ്കാറ്റ് നഗരത്തിന്റെ പാതി ഭാഗം വെള്ളത്തിനടിയിലാക്കി. തീര നഗരമായ ന്യൂ ഓർലിയൻസ് പ്രതിവർഷം ഒരു സെന്റിമീറ്റർ തോതിൽ വെള്ളത്തിൽ മുങ്ങുന്നെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
5.ധാക്ക
സമുദ്ര ജലനിരപ്പ് ഉയരുന്നത് ഇപ്പോള്‍തന്നെ വന്‍തോതില്‍ പ്രതിസന്ധി സൃഷ്ടിച്ച നഗരമാണ് ധാക്ക. തീരപ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേര്‍ ഇതിനകം തന്നെ പലായനം തുടങ്ങി. ബംഗ്ലാദേശിന്റെ തലസ്ഥാന നഗരിയിൽ 2050 ോടെ 18 മില്ല്യൺ പേർ ഭവനരഹിതരാകുമെന്നാണ് കണക്ക്. വര്‍ഷത്തില്‍ 1.4 സെ.മീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരുകയാണ് ഇവിടെ.
6.മുംബൈ
സമുദ്രനിരപ്പില്‍നിന്ന് ശരാശരി 14 മീറ്ററിന് മുകളില്‍ സ്ഥിതിചെയ്യുന്ന നമ്മുടെ മുംബൈയും ലിസ്റ്റിലുണ്ട്. സമുദ്ര ജലനിരപ്പ് വര്‍ഷത്തില്‍ 0.25 സെ.മീറ്റര്‍ വരെ ഉയരുകയാണിവിടെ.ഇതേ രീതിയില്‍ സമുദ്രനിരപ്പുയര്‍ന്നാല്‍ 25 ചതുരശ്ര കിലോമീറ്റര്‍/ നഗരഭൂമിയുടെ 40 ശതമാനം വൈകാതെ നഷ്ടമാകും.

No comments:
Post a Comment